ടാലെന്‍ടൈം 2011 – പിടിപ്പുകേടിന്‍റെ ഒരു അദ്ധ്യായം

Disclaimer : This is a post made/Copied from the blog entry of a student in CUSAT.Campus blog is just a medium of Writing.
——
ഈ ബ്ലോഗ്‌ പോസ്റ്റ്‌ തയ്യാറാക്കാന്‍ യാതൊരു ഉദ്ദേശവും ഇന്ന് 7.30 വരെ എനിക്കു ഇല്ലായിരുന്നു. പക്ഷേ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സയന്‍സിലെ ടാലെന്‍ടൈം സംഘാടകരുടെ പിടിപ്പുകേട് കൊണ്ടും, അവരുടെ ധാര്‍ഷ്ട്യം കൊണ്ടും ഞാന്‍ ഈ പോസ്റ്റ്‌ എഴുതാന്‍ നിര്‍ബന്ധിതനായി. എന്ത് കൊണ്ടാണ് ഇത് സംഭവിച്ചതെന്ന് ഞാന്‍ വിശദമായി പറയാം. അതിനു മുമ്പേ ടാലെന്‍ടൈം എന്താണെന്നും എനിക്കു ആ പ്രോഗ്രാമും ആയുള്ള ബന്ധം എന്താണെന്നും വായനക്കാര്‍ അറിഞ്ഞിരിക്കണം.
Talentime 2011
 ടാലെന്‍ടൈം എന്നത് കുസാറ്റിലെ സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സയന്‍സുകാര്‍ വര്‍ഷാവര്‍ഷം നടത്തുന്ന 3 ദിവസം
നീളുന്ന ഒരു പ്രോഗ്രാം ആണ്. ഈ മൂന്നു ദിവസവും വൈകിട്ട് കലാപരിപാടികളും മറ്റു മത്സരങ്ങളും നടത്തപ്പെടും. ഞാന്‍ 2004 മുതല്‍ ഈ യൂണിവേഴ്സിറ്റിയില്‍ ഒരു വിദ്യാര്‍ത്ഥിയാണ്. എല്ലാ വര്‍ഷവും ടാലെന്‍ടൈം കാണാറുമുണ്ട്. കഴിഞ്ഞ 6 വര്‍ഷവും പരിപാടി കുഴപ്പം ഇല്ലാതെ നടന്നു. ഇനി ഇന്ന് വൈകിട്ട് എനിക്കു ഉണ്ടായ അനുഭവം ഞാന്‍ പറയാം.
   വൈകിട്ടത്തെ പരിപാടി കാണാന്‍ ഇറങ്ങിയപ്പോള്‍ ചെറുതായി മഴ പെയ്യുന്നുണ്ടായിരുന്നു. ലാപ്ടോപ്പും, ക്യാമറയും നനയാതിരിക്കാന്‍ ഞാന്‍ സാമാന്യം വേഗത്തില്‍ ആണ് നടന്നത്. ഞാന്‍ ഗ്രൗണ്ടില്‍ എത്തി. ഗ്രൌണ്ടിനു പുറത്തു തന്നെ സെക്യൂരിറ്റി ഉണ്ട്. കുസാറ്റിലെ സ്റ്റുഡെന്‍റ് ഐ. ഡി. കാര്‍ഡ് കാണിച്ചാലേ അകത്തു പ്രവേശിക്കാന്‍ കഴിയൂ. ഐ. ഡി. കാര്‍ഡ് കാണിച്ചു ഞാന്‍ ഗ്രൗണ്ടില്‍ പ്രവേശിച്ചു. സ്റ്റേജിനു അടുത്തേക്ക് നീങ്ങി. സ്റ്റേജിന്‍റെ പുറത്തു കുറച്ചു. ആള്‍ക്കാര്‍ മഴ നനഞ്ഞു നില്‍പ്പുണ്ട്. അകത്തു ആണെങ്കില്‍ കസേരകള്‍ പാതി ഒഴിഞ്ഞും കിടക്കുന്നു.
     ഞാന്‍ അകത്തേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ അവിടെ നിന്ന രണ്ടു വോളണ്ടിയേഴ്സ് എന്നെ തടഞ്ഞു. ഐ. ഡി. കാര്‍ഡ്‌ കാണിക്കാന്‍ പറഞ്ഞു. ഞാന്‍ കാണിച്ചു കൊടുത്തു.

അപ്പോള്‍ അടുത്ത ചോദ്യം- “പാര്‍ട്ടിസിപ്പന്‍റ് ആണോ ?”.

അല്ല- എന്ന് ഞാന്‍ മറുപടി കൊടുത്തു.

“സ്കൂള്‍ ഓഫ് മാനേജ്മെന്‍റ് സയന്‍സിലെ സ്റ്റുഡെന്‍റ് ആണോ?” വീണ്ടും ചോദ്യം.

അല്ല- എന്‍റെ മറുപടി

ഇത്ര ചോദിച്ച സ്ഥിതിക്ക് കാര്യം എന്താണെന്നു അറിയണമല്ലോ…

“എന്താണ് കാര്യം? ” – എന്ന് ഞാന്‍ ചോദിച്ചു.

“ഇപ്പോള്‍ നിങ്ങള്‍ പുറത്തു നില്‍ക്കണം. പാര്‍ട്ടിസിപ്പന്‍സിനും എസ്. എം. എസ്സിലെ വിദ്യാര്‍ത്ഥികള്‍ക്കുമേ ഇപ്പോള്‍ അകത്തു പ്രവേശിക്കാന്‍ കഴിയൂ.”- ഉത്തരം കേട്ട ഞാന്‍ അമ്പരന്നു. പുറത്തു മഴ നനഞ്ഞു ഒരു പറ്റം വിദ്യാര്‍ത്ഥികള്‍ നില്‍ക്കുന്നത് എന്ത് കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി.

“ആവശ്യത്തിനു സീറ്റ്‌ ഉണ്ടല്ലോ ?” – എന്‍റെ ചോദ്യത്തിനു അവരുടെ മറുപടി രസകരം ആയിരുന്നു.

“ഇപ്പോള്‍ ആള്‍ക്കാരെ കയറ്റി വിട്ടാല്‍ സീറ്റുകള്‍ എല്ലാം നിറയും. പിന്നെ വരുന്നവര്‍ അടി ഉണ്ടാക്കും.”

!!!!!!!

കേരളത്തിലെ മാനേജ്മെന്‍റ് സ്കൂളുകളില്‍ ഒന്നാം സ്ഥാനം ഉണ്ടെന്നു അവകാശപ്പെടുന്ന ഒരു സ്കൂളിലെ ഒരു വിദ്യാര്‍ഥിയുടെ ഉത്തരം ആണിത്. ഒരു പരിപാടി നടത്തുമ്പോള്‍ അതിന്‍റെ ഏറ്റവും ലളിതമായ ഭാഗം ആയ സീറ്റിംഗ് പോലും മാനേജ് ചെയ്യാന്‍ അറിയാത്ത ഇവരൊക്കെ എന്ത് മാനേജ്മെന്‍റ് ആണാവോ പഠിക്കുന്നത്?

ഞാന്‍ ഒരു ചോദ്യമേ നിങ്ങള്‍ എസ്. എം. എസ്സുകാരോട് ചോദിക്കുന്നുള്ളൂ. എന്നെ തടഞ്ഞ ആ വോളണ്ടിയറോടു ഞാന്‍ ചോദിച്ച അതേ ചോദ്യം.

“നിങ്ങള്‍ ആര്‍ക്കു വേണ്ടി ആണ് പ്രോഗ്രാം നടത്തുന്നത്?”

“പെണ്‍കുട്ടികള്‍ക്ക് വേണ്ടി മാത്രം” – എന്നായിരിക്കും ഒരു പക്ഷേ  മാനേജ്മെന്‍റ് വീക്ഷണകോണില്‍ നിന്നുള്ള നിങ്ങളുടെ ഉത്തരം. കാരണം പെണ്‍കുട്ടികള്‍ ഇല്ലെങ്കില്‍ ഒരൊറ്റ ആണ്‍കുട്ടി പോലും ആ പരിസരത്ത് ഉണ്ടാകില്ലെന്ന് നിങ്ങള്‍ക്ക് വ്യക്തമായറിയാം.

എന്‍റെ ഈ ചോദ്യത്തിന് പല ഉത്തരങ്ങളും കാരണങ്ങളും നിരത്താന്‍ നിങ്ങള്‍ക്ക് കഴിയുമായിരിക്കും. പക്ഷേ സ്റ്റേജിനു പുറത്തു മഴ നനഞ്ഞു നിന്ന ആള്‍ക്കാരില്‍ ഒരാളെ എങ്കിലും നിങ്ങള്‍ക്ക് തൃപ്തിപ്പെടുത്താന്‍ കഴിയുമോ എന്ന് ഞാന്‍ സംശയിക്കുന്നു.

ആ വോളണ്ടിയെഴ്സിനോട് ഗുസ്തി പിടിച്ചു അകത്തു കയറാന്‍ ഉള്ള ആവശ്യം ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ അപ്പോള്‍ തന്നെ പുറത്തിറങ്ങി. ഇത് കണ്ട എന്‍റെ കുറച്ചു സുഹൃത്തുക്കള്‍ എനിക്ക് അവരുടെ പാര്‍ട്ടിസിപ്പന്‍റ് ഐ. ഡി. തരാം എന്ന് പറഞ്ഞെങ്കിലും ഞാന്‍ നിരസിച്ചു. അങ്ങനെ ഒരു ഐ ഡി കാര്‍ഡ്‌ ഒപ്പിച്ചു അകത്തു കയറുന്നതിനു ബുദ്ധിമുട്ടു ഉണ്ടായിട്ടല്ല. എന്നെ പോലെ തന്നെ അകത്തു കയറാന്‍ കഴിയാതെ മഴ നനഞ്ഞു പുറത്തു നില്‍ക്കുന്നവരോട് ഞാന്‍ ചെയ്യുന്ന ഒരു അനീതി ആയിരിക്കും അത്. അത് കൊണ്ട് ഞാന്‍ തിരിച്ചു പോന്നു. ടാലെന്‍ടൈം പ്രോഗ്രാമിന്‍റെ കുറച്ചു ഫോട്ടോസ് ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടിരുന്നു. എന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗം ആയി ആ ഫോട്ടോസ് ഞാന്‍ നീക്കം ചെയ്യുകയാണ്. കുസാറ്റിലെ എസ്. എം. എസ്. വിഭാഗം ഇനി എങ്കിലും ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കരുതെന്ന് താഴ്മയായി അപേക്ഷിച്ചു കൊണ്ട് നിറുത്തുന്നു…


Posted

in

by

Tags: