കൊച്ചിന്‍ യൂണിവേഴ്സിറ്റിയും കുറേ കുഴിമടിയന്മാരും…

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ ഒരു ഗവേഷകവിദ്യാര്‍ത്ഥിയായി ഞാന്‍ പ്രവേശിക്കുന്നത് 2007-ല്‍ ആണ്. എന്‍റെ ബിരുദാനന്തര ബിരുദം നേടിയതും ഇവിടെ വെച്ച് തന്നെ ആയിരുന്നു. ആ കാലഘട്ടത്തിലെ ഹോസ്റ്റല്‍ ജീവിതത്തിന്‍റെ മധുര സ്മരണകള്‍ ആണ് റിസേര്‍ച്ച് ചെയ്യാന്‍ ഉള്ള ധൈര്യം എനിക്ക് നല്‍കിയത്. ദൈവം സഹായിച്ചതു പോലെ ജോയിന്‍ ചെയ്തു രണ്ടു മാസത്തിനു ഉള്ളില്‍ തന്നെ എനിക്ക് U.G.C.- യുടെ ഒരു ഫെല്ലോഷിപ്പ് കിട്ടി. ആ ഫെല്ലോഷിപ്പ് ആദ്യ രണ്ടു വര്‍ഷം വലിയ തരക്കേടില്ലാതെ എന്നെ മുന്നോട്ടു നയിച്ചു. (തുക ഒന്നര വര്‍ഷം കഴിഞ്ഞാണ് കിട്ടിയതെങ്കിലും) കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ ഒരു പ്രത്യേകത എന്താണെന്നു വെച്ചാല്‍ നമ്മള്‍ എത്ര മാത്രം ശ്രമിച്ചാലും നമുക്ക് കിട്ടാനുള്ള ഫെല്ലോഷിപ്പ് ഒരിക്കലും സമയത്തിന് കിട്ടുകയില്ല എന്നതാണ്. ഫെല്ലോഷിപ്പ് കിട്ടുന്ന സമയം വരെ ഗവേഷകര്‍ നാട്ടുകാരുടെ കയ്യില്‍ നിന്നും മണപ്പുറം ഗോള്‍ഡില്‍ നിന്നും പണം കടം വാങ്ങി ജീവിക്കണം എന്നത് ഇവിടത്തെ അലിഖിത നിയമം ആണ്. അതിനു സൗകര്യം ഉള്ളവര്‍ ഗവേഷണം ചെയ്താല്‍ മതി എന്നതാണ് അഡ്മിനിസ്ട്രേഷന്‍ തലപ്പത്തുള്ള ചില മാന്യന്മാരുടെ നിലപാട്. ശരി പോട്ടെ, ഫെല്ലോഷിപ്പ് അല്പം വൈകിയാലും സാരമില്ല ഗവേഷണം നടന്നു പോകട്ടെ എന്ന നല്ല ചിന്തയാണ് കുസാറ്റിലെ ഗവേഷകര്‍ക്ക്. അത് കൊണ്ട് തന്നെ സമര പരിപാടികള്‍ക്കോ, യൂണിവേഴ്സിറ്റിക്കെതിരെ കേസ് കൊടുക്കാനോ ഞങ്ങള്‍ പോകാറില്ല. തീര്‍ത്തും ഗതികെട്ടാല്‍ മാത്രം വര്‍ഷത്തില്‍ ഒരു സ്ട്രൈക്ക്. ഇതാണ് കുസാറ്റ് ഗവേഷകരുടെ ശൈലി.
cusat
ആദ്യ ഫെല്ലോഷിപ്പ് വരാന്‍ തന്നെ ഒന്നര വര്‍ഷത്തിനു മുകളില്‍ സമയം എടുത്തു. ആദ്യ ബാച്ച് ആയതു കൊണ്ടാണ്. അടുത്ത ബാച്ച് വരുമ്പോഴേക്കും പ്രക്രിയ വേഗം കൈവരിക്കും എന്ന് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സുന്ദരി കൂടെക്കൂടെ മൊഴിയും. ഒരു പാവത്താന്‍ ആയത് കൊണ്ട് ഞാന്‍ ഇതെല്ലാം വിശ്വസിച്ച് പ്രതീക്ഷയോടെ ഗവേഷണം തുടര്‍ന്നു. അങ്ങനെ ഒന്നര വര്‍ഷത്തിനു ശേഷം ഫെല്ലോഷിപ്പ് കയ്യില്‍ കിട്ടി. കിട്ടിയത് എന്തോ ഭാഗ്യം എന്ന് കരുതി ഇരിക്കുമ്പോള്‍ ആണ് മറ്റൊരു ഫെല്ലോഷിപ്പിനും കൂടി ഞാന്‍ യോഗ്യന്‍ ആണെന്ന് അറിയുന്നത്. എന്തായിരുന്നു സന്തോഷം! ഈ പുതിയ ഫെല്ലോഷിപ്പില്‍ പ്രതിമാസം 4000 രൂപയുടെ വ്യത്യാസം ഉണ്ട്. ഒരു സാധാരണക്കാരന്‍ ആയ ഞാന്‍ 4000 രൂപ അധികം എന്ന മോഹവലയില്‍ വീണു. 5 വര്‍ഷത്തേയ്ക്കാണ് പുതിയ സ്കീം. അത് കൂടി കേട്ടപ്പോള്‍ എനിക്ക് സന്തോഷമായി. പ്രബന്ധം എഴുതുന്ന സമയം വരെ ഫെല്ലോഷിപ്പ് കിട്ടുമല്ലോ. അങ്ങനെ ഞാന്‍ പുതിയ സ്കീമില്‍ 2009 മുതല്‍ ജോയിന്‍ ചെയ്തു. ഇനിയാണ് രസകരമായ ചില സംഭവങ്ങള്‍ ഉരുത്തിരിയുന്നത്.

പുതിയ ഫെല്ലോഷിപ്പ് ലഭിക്കാന്‍ അര്‍ഹന്‍ ആണ് എന്ന അറിയിപ്പ് U.G.C. യില്‍ നിന്നും തക്ക സമയത്ത് തന്നെ എത്തി. ഒപ്പം യൂണിവേഴ്സിറ്റിയിലേയ്ക്ക് 28 ലക്ഷം രൂപയുടെ ചെക്കും. ഞങ്ങള്‍ 14 പേരാണ് പുതിയ സ്കീമില്‍ ഉള്ളത്. കഴിഞ്ഞ വര്‍ഷം (2010) ഡിസംബര്‍ മാസത്തിലാണ് ഞങ്ങള്‍ക്ക് ഫെല്ലോഷിപ്പ് ലഭിച്ചതായുള്ള അറിയിപ്പ് വരുന്നത്. 2011 ജനുവരിയില്‍ U.G.C.–യുടെ ചെക്കും. ഫെല്ലോഷിപ്പ് തുക മുടങ്ങിയിട്ടു ഒരു വര്‍ഷത്തോളം ആയിരുന്നു. പുതിയ സ്കീം ആ കാലഘട്ടത്തിലെ തുകയും ചേര്‍ത്താണ് നല്‍കുന്നത്. ചുരുക്കി പറഞ്ഞാല്‍ 2009 മുതല്‍ ഉള്ള ഫെല്ലോഷിപ്പ് തുക എനിക്ക് ലഭിക്കാന്‍ ഉണ്ട്. ആദ്യ വര്‍ഷത്തെ തുക മുഴുവന്‍ വാങ്ങിയതിന് ശേഷം അതിന്‍റെ “യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കേറ്റ്‌ U.G.C.-യ്ക്ക് നല്‍കിയാലേ അടുത്ത വര്‍ഷത്തെ ഫണ്ട് അവര്‍ നല്‍കൂ. ചെക്ക് വന്ന സ്ഥിതിക്ക് ആദ്യം വന്ന തുക ഞങ്ങള്‍ 14 പേര്‍ക്കായി വീതിക്കുക എന്ന ഒരു “ഭാരിച്ച” ജോലി ആണ് അക്കാദമിക്ക് വിഭാഗത്തില്‍ ഉള്ളവര്‍ക്ക് ചെയ്യേണ്ടത്. ഒരു പക്ഷേ അത്ര ഭാരിച്ച ജോലി എടുത്തു ശീലം ഇല്ലാത്ത കൊണ്ടായിരിക്കും ഞങ്ങളുടെ ഫയല്‍ അക്കാദമിക്ക് വിഭാഗത്തില്‍ നിന്നും നീങ്ങിക്കിട്ടാന്‍ 11 മാസം സമയം എടുത്തത്‌. ഈ പതിനൊന്നു മാസത്തിനിടെ എത്ര തവണ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ കയറിയിറങ്ങി എന്നതിന് ഞങ്ങള്‍ക്ക് ഒരു കണക്കും ഇല്ല. ഏറ്റവും കുറഞ്ഞത് ഒരു ജോഡി ചെരുപ്പെങ്കിലും എല്ലാവരുടെയും തേഞ്ഞു തീര്‍ന്നിട്ടുണ്ടാകണം.

അക്കാദമിക്ക് വിഭാഗത്തില്‍ നിന്നും ഫയല്‍ നീങ്ങാതിരിക്കാന്‍ ഉള്ള കാരണം അവരുടെ ജോലിയോടുള്ള ആത്മാര്‍ഥതയും, ശുഷ്കാന്തിയും മാത്രം അല്ലായിരുന്നു. അവിടെ നിന്നും കണക്കുകള്‍ ഒക്കെ എഴുതി അയക്കുമ്പോള്‍ മുകളില്‍ നിന്നും തടസ്സം പറയാന്‍ മേലാളര്‍ ഉണ്ടായിരുന്നു. പ്രത്യേകിച്ച് കാരണം ഒന്നും കൂടാതെ തമ്മില്‍ തല്ലുവാന്‍ അവിടെ ഉള്ളവര്‍ മത്സരിച്ചപ്പോള്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റി എന്നത് എന്ത് കൊണ്ട് ഇപ്പോഴും ഒരു സാദാ യൂണിവേഴ്സിറ്റിയായി തുടരുന്നു എന്ന് എനിക്ക് വ്യക്തമായി. രണ്ടു വിഭാഗത്തിലെ ആള്‍ക്കാര്‍ തമ്മില്‍ ഉള്ള ഈഗോ ക്ലാഷില്‍ ഞങ്ങളുടെ ഫെല്ലോഷിപ്പ് സ്വപ്‌നങ്ങള്‍ ആണ് വെന്തുരുകിയത്. അത് പോലെ തന്നെയാണ് ചില ഉദ്യോഗസ്ഥരുടെ ഡിപ്പാര്‍ട്ട്മെന്‍റ് ടെസ്റ്റിന്‍റെ കാര്യം. ഡിപ്പാര്‍ട്ട്മെന്‍റ് ടെസ്റ്റിനു പഠിക്കാനായി ചിലര്‍ രണ്ടും മൂന്നും ആഴ്ച അടുപ്പിച്ചു അങ്ങ് ലീവ് എടുക്കും. ലീവ് എടുത്തോട്ടെ, അതിനു യാതൊരു പരാതിയും ഇല്ല. എന്നാല്‍ ഈ ലീവ് എടുത്ത ആളുടെ ജോലി ആരെ എങ്കിലും ഏല്‍പ്പിക്കാന്‍ മേലധികാരികള്‍ക്ക് എന്തെങ്കിലും ചെയ്തു കൂടെ? ഈ പ്രശ്നത്തില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിവുള്ള രജിസ്ട്ട്രാര്‍ സാറിനെ കാണാന്‍ റൂമിനു പുറത്തു ഞങ്ങള്‍ അനവധി തവണ കാവല്‍ ഇരുന്നിട്ടുണ്ട്. മിക്കപ്പോഴും ഒരു മണിക്കൂറോളം കാത്തിരുന്നാലേ കാണുക എന്ന കാര്യം നടക്കൂ. ക്ഷീണം കാരണം ഞാന്‍ ഒന്ന് രണ്ടു തവണ ഉറങ്ങിയിട്ടുമുണ്ട്. 14 കുട്ടികളുടെ ഫെല്ലോഷിപ്പ് വീതം വെയ്ക്കാന്‍ 11 മാസം കണക്ക് കൂട്ടി നോക്കിയിട്ടും കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഇവിടത്തെ ജോലിക്കാരുടെ കാര്യക്ഷമത എന്താണ് എന്ന് എന്നെക്കൊണ്ട് ചോദിപ്പിക്കാന്‍ ഉള്ള ഒരു അവസ്ഥ വരെ സംജാതമായി. എന്തായാലും 11 മാസത്തിനു ശേഷം ഞങ്ങളുടെ ഫയല്‍ അക്കാദമിക്‌ വിഭാഗത്തില്‍ നിന്നും അടുത്ത വിഭാഗത്തില്‍ എത്തി. അത് കഴിഞ്ഞ മാസം ആയിരുന്നു. ഇപ്പോഴും ഞങ്ങള്‍ക്ക് ഫെല്ലോഷിപ്പ് തുക കിട്ടിയിട്ടില്ല. ഈ കാലഘട്ടം (2009-2011) മുഴുവന്‍ ഞങ്ങള്‍ കടക്കെണിയില്‍ ആണെന്ന കാര്യം മറന്നു പോകല്ലേ…

2009-2011 കാലഘട്ടത്തില്‍ മറ്റു പല പരിഷ്കാരങ്ങളും ഉണ്ടായി. ഹോസ്റ്റല്‍ ഫീസ്‌ വര്‍ദ്ധനയും, ഫൈന്‍ നിരക്കുകളുടെ വര്‍ദ്ധനയും മറ്റും ഇതിന്‍റെ ഒപ്പം നടന്ന പരിഷ്കാരങ്ങള്‍ ആണ്. യൂണിവേഴ്സിറ്റിയിലേയ്ക്കു ചെല്ലേണ്ട പൈസ എങ്ങനെ ആണെങ്കിലും ഊറ്റിയെടുക്കാന്‍ അവര്‍ക്ക് നന്നായി അറിയാം. അതിന്‍റെ കാര്യത്തില്‍ മാത്രം ഫയല്‍ നീങ്ങിക്കിട്ടാന്‍ ഒരു പ്രയാസവും ഇല്ല. യൂണിവേഴ്സിറ്റിയുടെ ഈ സമീപനം മൂലം ഒരു ഗുണം മാത്രം ഉണ്ടായി. സെമസ്റ്റര്‍ ഫീസ്‌ അടയ്ക്കുവാനും, മെസ്സ് ഫീ അടയ്ക്കുവാനും വേണ്ടി സുഹൃത്തുക്കളുടെ നേരെ കൈ നീട്ടുവാന്‍ ഉള്ള നാണക്കേടൊക്കെ മാറിക്കിട്ടി. പണ്ടൊക്കെ ആയിരുന്നെങ്കില്‍ ഭയങ്കര ചമ്മലും, നാണക്കേടുമായിരുന്നു. ഇപ്പോള്‍ നല്ല തൊലിക്കട്ടി ഉള്ളവരെ കണ്ടു കണ്ട് അതങ്ങു ശീലമായി. ഞാന്‍ ഒരു കുഴിമടിയന്‍ ആണെന്നായിരുന്നു എന്‍റെ വിചാരം. പക്ഷേ കുസാറ്റിലെ ചില ആള്‍ക്കാര്‍ എനിക്ക് മുമ്പേ കുഴിമടിയുടെ കാര്യത്തില്‍ ഡബിള്‍ പ്രൊമോഷന്‍ കിട്ടിയവര്‍ ആണ്. അവരെ പൂവിട്ട് പൂജിക്കണം, പറ്റുമെങ്കില്‍ കാലില്‍ തൊട്ടു ഒന്ന് വന്ദിക്കണം. ഇന്നലെയും, ഇന്നും ഞാന്‍ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ പോയിരുന്നു. എന്നത്തേയും പോലെ വിഷണ്ണന്‍ ആയി മടങ്ങാന്‍ ആയിരുന്നു എന്‍റെ വിധി. ഇതിനെതിരെ പ്രതികരിക്കാന്‍ ഞാന്‍ പലപ്പോഴും ആലോചിച്ചതാണ്. പക്ഷേ ഇത് മാത്രം അല്ലല്ലോ എനിക്ക് പണി. പിന്നെ “അളമുട്ടിയാല്‍ ചേരയും കടിക്കും” എന്ന ചൊല്ലിനോട് ഒന്ന് നീതി പുലര്‍ത്താം എന്ന് കരുതി. അത് കൊണ്ട് ഇത്രയും എഴുതി. ഇത്രയെങ്കിലും എഴുതിയില്ലെങ്കില്‍ പ്രതികരണശേഷി ഇല്ലാത്ത ഒരു കുഴിമടിയന്‍ ആണ് ഞാനെന്ന കുറ്റബോധം എനിക്ക് ഉണ്ടാകും. ഞങ്ങളുടെ ഇതേ അവസ്ഥ നേരിട്ടിട്ടുള്ള കുസാറ്റ് ഗവേഷകന്‍/ഗവേഷക ആണ് നിങ്ങള്‍ എങ്കില്‍ ദയവായി ഈ പോസ്റ്റ് ഷെയര്‍ ചെയ്യുക. ഈ പോസ്റ്റ് വായിക്കാന്‍ സമയം ചെലവഴിച്ചതിന് നന്ദി…


Posted

in

by

Tags: