കുസാറ്റിലെ ഒരു കേരളപ്പിറവി.

Kerala_Piravi_CUSAT

സമയം രാവിലെ 7.40. 

ഈ കേരളപ്പിറവി ദിനത്തില്‍ ക്യാമ്പസ്സില്‍ അല്പസമയം ചെലവഴിക്കാം, കുറച്ചു സെറ്റുടുത്ത മലയാളി മങ്കമാരെ കാണാം എന്നൊക്കെ മനസ്സില്‍ കരുതി ഞാന്‍ കുസാറ്റിലെ അഭിലാഷ്‌ ബസ്‌ സ്റ്റോപ്പില്‍ ഇരിക്കുകയാണ്. എന്‍റെ ഇടതു വശത്തായി ഒരു പ്രായം ചെന്ന സെറ്റുടുത്ത ചേച്ചിയും ഇരിപ്പുണ്ട്. അവര്‍ ഏതോ പുസ്തകം കാര്യമായി വായിക്കുകയാണ്. പ്രാര്‍ഥനയോ നാമജപങ്ങളോ ആണെന്ന് വ്യക്തമാണ്. തിരക്കിട്ടുള്ള വായന ആണെങ്കിലും നല്ലതുപോലെ ശ്രദ്ധിച്ചാണ് വായിക്കുന്നത്. ഞാന്‍ ഇടയ്ക്കിടെ പുസ്തകം ഏതാണെന്നറിയാന്‍ നോക്കും. ഒരു ജിജ്ഞാസ. പക്ഷെ ചോദിക്കാന്‍ ഒരു മടി. ഒടുക്കം അറിയാനുള്ള ത്വര മൌനത്തെ കീഴടക്കി. ചോദിക്കാന്‍ വായെടുത്തതും ഒരു സെക്യൂരിറ്റിക്കാരന്‍ ആ വഴി വന്നു. എന്‍റെ നാവിനെ വായ വിഴുങ്ങി. അയാള്‍ കടന്നു പോയി. റോഡില്‍ തിരക്കേറുകയാണ്. സൈക്കിളില്‍ കുട്ടികള്‍ വരുന്നു. സ്കൂള്‍ ബസ്സുകള്‍ ചീറിപ്പായുന്നു. എന്തായാലും ചോദിക്കാം അല്ലേ…? രണ്ടു പണിക്കാരി സ്ത്രീകള്‍ കൂടി കടന്നു പോയി.

 

അതെന്തു പുസ്തകമാണ് ചേച്ചി? – ഞാന്‍ ചോദിച്ചു.

 

ആദ്യം ചേച്ചി കേട്ടില്ല. ഒന്നു കൂടി ചോദിച്ചപ്പോള്‍ പെട്ടെന്ന് തലയുയര്‍ത്തി.

 

അത്… അതില്ലേ… ചേച്ചിക്ക് വാക്കുകള്‍ കിട്ടുന്നില്ല. പെട്ടെന്നുള്ള ചോദ്യത്തില്‍ ബുക്കിന്‍റെ പേര് മറന്നു. ചേച്ചിയെ സഹായിക്കാന്‍ വേണ്ടി ഞാന്‍ ചോദിച്ചു.

 

പ്രാര്‍ഥനയോ, ജപമോ വല്ലതും ആണോ?

 

അതെ. ഉത്തരം പറയുന്നതിനിടെ ചേച്ചി പുസ്തകത്തിന്‍റെ പുറം ചട്ട നോക്കിയെടുത്തു.

 

ഇത് ലളിതസഹസ്രനാമം ആണ്. ദേവീ സ്തുതിയാണ്.- ചേച്ചി പറഞ്ഞു.

 

ഓക്കേ… ഞാന്‍ പറഞ്ഞു.

 

ഇത് എന്നും രാവിലെ ചൊല്ലണം എന്നുണ്ടോ?- എന്‍റെ സംശയം. 

 

ഞാന്‍ ഹിന്ദുവല്ലെന്ന് അപ്പോഴേയ്ക്കും ചേച്ചിക്ക് മനസ്സിലായി.

 

ഇല്ല… അങ്ങനെയൊന്നുമില്ല. വെള്ളിയാഴ്ച്ച അല്ലേ… അത് കൊണ്ട് വായിച്ചതാ… – ചേച്ചി പറഞ്ഞു.

 

എന്‍റെ സംശയം കുറച്ചടങ്ങി.

 

ഈ നേരമത്രയും എന്‍റെ കയ്യിലെ ചെറു നോട്ട്ബുക്കില്‍ ഈ പറഞ്ഞതൊക്കെയും ഒരു വിവരണമായി ഞാന്‍ എഴുതുകയായിരുന്നു. എന്‍റെ കയ്യിലെ പേനയും, നോട്ട്ബുക്കും കണ്ടെങ്കിലും ഞാന്‍ എന്താണ് എഴുതുന്നതെന്ന് ചേച്ചി ചോദിച്ചില്ല. എങ്ങാനും ചോദിച്ചിരുന്നെങ്കില്‍ അത് രസകരമായ മറ്റൊരു ട്വിസ്റ്റ്‌ ഉണ്ടാക്കിയേനെ. 

 

ചേച്ചിയെ വായനയുടെ ലോകത്തേയ്ക്ക് മടക്കിയ ശേഷം ഞാന്‍ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇടയ്ക്കിടെ ആരെങ്കിലും പോകുമ്പോള്‍ ഒന്നു തലയുയര്‍ത്തി നോക്കും. എന്നെ നിരാശപ്പെടുത്തിയ കാര്യം ഒറ്റയൊരാള്‍ പോലും സെറ്റു സാരി ഉടുത്ത് ആ വഴി പോയില്ല എന്നതാണ്. ഇന്നു കേരളപ്പിറവി ആണെന്ന് കുസാറ്റിലെ സ്ത്രീജനം അറിഞ്ഞുകാണില്ല എന്നുണ്ടോ?

 

ചേച്ചി ഇതിനിടെ വിട പറഞ്ഞു പോയി. ഞാന്‍ ബസ്സ്‌ സ്റ്റോപ്പില്‍ വീണ്ടും തനിച്ചായി. ഒരു യൂണിവേഴ്സിറ്റി ബസ്സ്‌ വന്നു. ഞാന്‍ പ്രതീക്ഷയോടെ കണ്ണയച്ചു.

 

വീണ്ടും നിരാശ…

 

സെറ്റു സാരി… ഒരെണ്ണം… മരുന്നിനു പോലും ഇല്ല.

 

MCA വിദ്യാര്‍ഥികള്‍ വരെ യൂണിഫോം ധരിച്ചാണ് എത്തിയിരിക്കുന്നത്.

വീണ്ടും ബസ്സുകള്‍ വന്നു പോയി…

 

അങ്ങനെ നോക്കിയിരിക്കുമ്പോളാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്നും ഒരു കൈ ഉയരുന്നത് എന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.

 

MCA-യിലെ ശ്രീകുമാറാണ്. കണ്ടാല്‍ ഒരു പാവം പിടിച്ച ചെക്കന്‍. ആള്‍ സോഷ്യല്‍ ആണ്.

 

അവന്‍ റോഡ്‌ ക്രോസ് ചെയ്ത് എന്‍റെയടുത്തെത്തി. ഞാന്‍ എഴുത്ത് നിറുത്തി ബുക്കടച്ചു.

 

എന്താ ചേട്ടാ എഴുതുന്നത്‌? – അവന്‍ ചോദിച്ചു.